04:28am 11 November 2026
NEWS

അലാസ്ക ഉച്ചകോടിക്ക് പിന്നാലെ മോദിയെ ഫോണിൽ വിളിച്ച് വ്ലാഡ്മിർ പുടിൻ

18/08/2025  09:00 PM IST
nila
 അലാസ്ക ഉച്ചകോടിക്ക് പിന്നാലെ മോദിയെ ഫോണിൽ വിളിച്ച് വ്ലാഡ്മിർ പുടിൻ

യുക്രൈൻ യുദ്ധം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി അലാസ്കയിൽ ചർച്ച നടത്തിയതിന് പിന്നാലെ റഷ്യൻ പ്രസിഡന്റ് വ്ലാഡ്മിർ പുടിൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഫോണിൽ വിളിച്ച് സംസാരിച്ചു. അലാസ്ക ഉച്ചകോടിയുടെ വിശദാംശങ്ങൾ പുടിൻ ഇന്ത്യൻ പ്രധാനമന്ത്രിയുമായി പങ്കുവെച്ചു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. വിവരങ്ങൾ പങ്കുവെച്ച പുടിന് പ്രധാനമന്ത്രി മോദി നന്ദി അറിയിക്കുകയും ചെയ്തു. 

നയതന്ത്രത്തിലൂടെയും സംഭാഷണത്തിലൂടെയും സർഘർഷത്തിന് സമാധാനപരമായ പരിഹാരം കാണണമെന്ന ഇന്ത്യയുടെ നിലപാട് മോദി ആവർത്തിച്ചു. ഇന്ത്യയും റഷ്യയും തമ്മിലുള്ള സവിശേഷവും തന്ത്രപരവുമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തിൽ, ഉഭയകക്ഷി സഹകരണത്തിലെ നിരവധി വിഷയങ്ങളും ഇരുനേതാക്കളും ചർച്ചചെയ്തതായി പ്രധാനമന്ത്രി അറിയിച്ചു.

യുക്രൈനിൽ സമാധാനം പുനഃസ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു അലാസ്കയിൽ ട്രംപും പുടിനും കൂടിക്കാഴ്ച്ച നടത്തിയത്. ഇരുവരും മൂന്നുമണിക്കൂറോളം അടച്ചിട്ട മുറിയിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. ചർച്ചയിൽ അന്തിമ കരാർ രൂപപ്പെട്ടില്ലെങ്കിലും വലിയ പുരോഗതിയുണ്ടായെന്ന് ട്രംപ് അറിയിച്ചിരുന്നു. യുക്രൈനും യൂറോപ്പും ഇടപെട്ട് ചർച്ചയിലുണ്ടായ പുരോഗതിയെ ഇല്ലാതാക്കരുതെന്ന് പുടിനും വ്യക്തമാക്കി. ചർച്ചയുടെ വിശദാംശങ്ങളിലേക്ക് ഇരുനേതാക്കളും കടന്നില്ല. ട്രംപിനൊപ്പം അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മാർക്കോ റുബിയോയും പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫും പങ്കെടുത്തു. പുടിനൊപ്പം വിദേശകാര്യമന്ത്രി സെർഗെയി ലാവ്‌റോവും പങ്കെടുത്തു. ആറു വർഷങ്ങൾക്കുശേഷമാണ് ഇരു രാഷ്ട്രനേതാക്കളും പരസ്പരം കാണുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img